തങ്കപ്പവന്‍ കിണ്ണം താളമാടി
താളത്തിനൊത്തൊരു പാട്ടു പാടി
കുറുമൊഴിക്കുളങ്ങരെ കുളിക്കാന്‍ വാ
കുറുന്തേനിടത്തിലെ കിളിമകളേ (തങ്കപ്പവന്‍)
അല്ലിയോടം നിറച്ചെണ്ണയുണ്ടോ
അഞ്ചിലത്താളി പറിച്ചിട്ടുണ്ടോ
അടിമുണ്ടും മേല്മുണ്ടുമഴിച്ചിടുമ്പോള്
അരയ്ക്കു ചുറ്റാനുള്ള കച്ചയുണ്ടോ
എണ്ണയുണ്ടഞ്ചിലത്താളിയുണ്ട്
പൊന്നും കസവുള്ള കച്ചയുണ്ട്
ആ .. ആ.. ആ.. (തങ്കപ്പവന്‍)
നാഗപുരം പട്ടെടുത്തു വെച്ചോ
നാഭിപ്പൂമാല പൊതിഞ്ഞു വെച്ചോ
കുളികഴിഞ്ഞേഴിലക്കുറികള്‍ ചാര്‍ത്താന്‍
കതിര്മുഖക്കണ്ണാടിക്കൂടെടുത്തോ
പട്ടുണ്ടലങ്കാരച്ചെപ്പുമുണ്ട്
മുത്തുകണ്ണാടിയളുക്കുമുണ്ട്
ആ .. ആ.. ആ.. (തങ്കപ്പവന്‍)
അമ്പലത്താഴത്തെ പൂക്കുളത്തില്‍
അരഞ്ഞാണപ്പാടോളം വെള്ളമുണ്ടോ
അരികത്തെ നീരാട്ടു പൂങ്കടവില്‍
ആണുങ്ങളാരാനും കുളിക്കണുണ്ടോ
പൊയ്കയില്‍ മാറോളം വെള്ളമുണ്ട്
ആണുങ്ങള് മുങ്ങിക്കുളിക്കണുണ്ട്
ആ .. ആ.. ആ.. (തങ്കപ്പവന്‍)