ഗോക്കളേ മേച്ചുകൊണ്ടും കാളിന്ദീതീരത്തുള്ള
പൂക്കളറുത്തുകൊണ്ടും ഗോവിന്ദനിന്നു വന്നൂ
വള്ളിക്കുടിലിലേറി വനമാല കോര്‍ത്തുകൊണ്ടും
വല്ലവീമണികള്തന് കണ്ണിണപൊത്തിക്കൊണ്ടും
മണിവേണുവൂതിയൂതി മായികജാലം തൂകി
മാധവന് കളിയാടും മധുരമാം വേളയില്‍
കാളകൂടം വമിക്കും കാളിയനെക്കണ്ടു
കാളിന്ദിത്തിരകളില് കാറൊളി വര്ണ്ണന്
ആറ്റിലേക്കവന് ചാടി അലകള്‍ മുറിച്ചുനീന്തി
അരുതെന്നു കാണികള്‍തന്‍ അലമുറപൊന്തീ
കാളിയസര്പ്പവും കണ്ണനുമായ്
കാളിന്ദിയാറ്റിന്‍ നടുവില്‍ പൊന്തീ
പത്തികള്‍ നീര്‍ത്തി ഫണീന്ദ്രനോ ശക്തിയില്ക്കൊത്തി
കണ്ടുനിന്നോര് കണ്ണുകള്‍ പൊത്തി
ഫണത്തിന്മേല് കണ്ണന് മണിവര്ണ്ണന് മമ
വിണ്ണത്തരമാടുന്നു
കാലാരിയപ്പോള് തളര്‍ന്നുവല്ലോ
തൃക്കാലില്പ്പതിച്ചു മരിച്ചുവല്ലോ