നമ്മുടെ മാതാവു-കൈരളി-പണ്ടൊരു
പൊന്മണിപ്പെതലായ് വാണ കാലം
യാതൊരു ചിന്തയുമില്ലാതെ കേവലം
ചേതസി തോന്നിയ മാതിരിയില്‍
ഏടലര്ചെങ്കാല്ച്ചിലങ്ക കിലുങ്ങുമാ-
റോടിക്കളിച്ചു രസിച്ച കാലം
പെറ്റമ്മതന്നുടെ വെണ്മുലപ്പാല് തീരെ
വറ്റിയിട്ടില്ലാത്ത പൂക്കണ്ഠത്താല്
പാടിയിരുന്ന പഴങ്കഥപ്പാട്ടുകള്‍
പാല്‍ക്കുഴമ്പല്ലോ ചെകിട്ടിനെല്ലാം.
വൃത്തവ്യവസ്ഥയില്ല, ക്ഷരവ്യക്തിയി-
ല്ല,ര്ത്ഥോപപത്തിയില്ലെന്നാകിലും
ആരാരെക്കോള്മയിര്ക്കൊള്ളിക്കില്ലിഗീത-
മാരോമല്പ്പൈങ്കിളിക്കൊഞ്ചല് പോലെ?
നാരായക്കൂര്പ്പിനാല് നൊന്തു ഞെരങ്ങിക്കൊ-
ണ്ടോരോരോ കീറോലതന്നില് വീഴാന്‍
സംഗതി വന്നിട്ടില്ലികൃതിക്കാളുകള്
സന്തതം നെഞ്ചേറ്റി ലാളിക്കയാല്.
കേട്ടു പഠിച്ചു പഠിച്ചു നടപ്പായ
പാട്ടിതു നമ്മള്ക്കൊരന്യവേദം!