കണികാണേണം കൃഷ്ണാ! കണികാണേണം
കായാമ്പൂവുടലെന്നും കണികാണേണം!
കനിവാര്‍ന്നെന്‍ കരളില്‍ കാല്‍ത്തള കിലുക്കി
കളിയാടേണം കൃഷ്ണാ! കളിയാടേണം
(കണികാണേണം)
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നിന്‍ മാറിലെ
വനമാലയാകേണം! ഞാനതില്‍
തുളസിപ്പൂവാകേണം!
മണിമുറ്റത്തോടിക്കളിക്കും നിന്‍ തൃക്കഴ-
ലണിയുന്ന പൂമ്പൊടിയാകേണം!
(കണികാണേണം)
ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു
വനവേണുവാകേണം! നിന്‍ സ്വര-
സുധയതിലൊഴുകേണം!
ഇതിനൊന്നുമിടയായില്ലെങ്കിലോ ഗുരുവായൂര്‍-
മതിലകത്തൊരു മണ്‍തരിയാകേണം!
(കണികാണേണം)