നന്മയേറുന്നൊരു പെണ്ണിനെ വേള്‍പ്പാനായ്
നാഥനെഴുന്നള്ളും നേരത്തിങ്കല്‍
ഭൂതങ്ങളെക്കൊണ്ടകമ്പടി കൂട്ടീട്ട്
കാളേമേലേറി നമഃശിവായ
നാരിമാര്‍ വന്നിട്ട് വായ്ക്കുരവയിട്ടു
എതിരേറ്റുകൊണ്ടൊന്നു നില്ക്കും നേരം
ബ്രാഹ്മണനോടും പലരോടുമൊന്നിച്ചു
ആര്‍ത്തകം പൂക്കു നമഃശിവായ
മധ്യേ നടുമുറ്റത്തന്പോടെഴുന്നള്ളി
ശ്രീപീഠത്തിങ്കല്‍ ഇരുന്നരുളി
പാനക്കുടവും ഉഴിഞ്ഞു ഹരനെ
മാലയുമിട്ടു നമഃശിവായ
മന്ത്രകോടിയുടുത്തു വഴിപോലെ
കാലും കഴുകിയകത്തുകുത്ത്
ആവണവച്ചു അതുമ്മേലിരുന്നു
അഗ്നി ജ്വലിപ്പൂ നമഃശിവായ
ചിറ്റും ചെറുതാലികൊണ്ടൊന്നു ശോഭിച്ചു
കറ്റക്കുഴലാണു നില്ക്കും നേരം
മാതാവു വന്നിട്ടു മാലയും കണ്ണാടി
കൈയ്യില്‍ കൊടുത്തു നമഃശിവായ