ആരോടു ഞാനെന്റെ കഥ പറയും
നീലക്കടലിനോടോ ചിത്രശലഭങ്ങളോടോ
ആരോടു ഞാനെന്റെ പരിഭവമോതും
മുകിലിനോടോ തിങ്കള്‍ തോഴിയോടോ
(ആരോടു)
നീലക്കടലെന്റെ താന്തമാം വാക്കുകള്‍
കരയുടെ കാതില്‍ ചൊല്ലിയാലോ
കരയില്‍ വിരുന്നുവരും വസന്തമാക്കഥയറിയും
അവയെല്ലാം പൂക്കളായ് വിടരും
പൂവില്‍ നിന്നാക്കഥ പൂമ്പാറ്റയറിയുമ്പോള്‍
എന്റെ സ്വകാര്യങ്ങള്‍ എല്ലാരുമറിയും
(ആരോടു)
കോടക്കാര്‍മുകില്‍ എന്റെയീ പല്ലവി
കുളിര്‍മഴയായ് മണ്ണില്‍ തൂവിയാലോ
നല്ലിളം കാറ്റത് പാഴ്‌മുളംതണ്ടിന്‍
നെഞ്ചിലെ ഗാനമായ് മാറ്റിയാലോ
പൗര്‍ണ്ണമിരാവത് പാല്‍ക്കടലാക്കും
എന്റെ സ്വകാര്യം എല്ലാരുമറിയും
(ആരോടു)